
കോഴിക്കോട്: തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി പള്ളിത്താഴ വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം.
ഇന്നലെയാണ് തിക്കോടി സ്വദേശിനി കൃഷ്ണപ്രിയയെ(23) നന്ദകുമാർ തീകൊളുത്തി കൊന്നത്. തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്യൂട്ടിക്കെത്തിയ താത്ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ യുവാവ് തടഞ്ഞുനിറുത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പം സ്വയം ദേഹത്ത് പെട്രോൾ ഒഴിച്ച് കൃഷ്ണപ്രിയയെ ചേർത്ത് പിടിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
ദേഹമാസകലം പൊള്ളലേറ്റ യുവതി വൈകിട്ട് നാലു മണിയോടെ മരിച്ചു. നാലു വർഷമായി സൗഹൃദത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം പിണക്കത്തിലായി. യുവതിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് നന്ദുവിന്റെ താമസം. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് സൂചനയുണ്ടെന്നല്ലാതെ കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്ന് പയ്യോളി പൊലീസ് പറഞ്ഞു. കൃഷ്ണപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.