
തിരുവനന്തപുരം: വിവാഹ പ്രായം ഇരുപത്തിയൊന്ന് ആക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ വിവാഹ പ്രായം 21 ആക്കേണ്ട കാര്യമില്ലെന്നും, ഇക്കാര്യത്തിൽ സി പി എമ്മിൽ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ റെയിൽ സി പി ഐ ഉൾപ്പെട്ട എൽ ഡി എഫിന്റെ പ്രകടന പത്രികയിലുള്ളതാണെന്നും, പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ മുന്നണിയിൽ എതിരഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിലിൽ സർക്കാരിന് തിടുക്കമില്ല, പദ്ധതിയെക്കുറിച്ച് ശശി തരൂർ എംപി പറഞ്ഞത് കേരളത്തിന്റെ പൊതുനിലപാടാണെന്നും കോടിയേരി വ്യക്തമാക്കി. കെ റെയിലിന് എതിരല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ എൽ ഡി എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണെന്നും, എല്ലാ ആശങ്കകളും ദൂരീകരിക്കുമെന്നും കാനം നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കെ റെയിലിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യു ഡി എഫിന്റെ തീരുമാനം.