krishnapriya

കോഴിക്കോട്: പ്രണയപ്പകയ്ക്ക് ഇരയായ തിക്കോടി പഞ്ചായത്തോഫീസിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയുടെ മരണമൊഴി പുറത്ത്. തീ വയ്ക്കും മുൻപ് യുവാവ് കുത്തി പരിക്കേൽപ്പിച്ചതായാണ് മരണമൊഴി. യുവതിയെ തീവയ്ച്ചതിന് ശേഷം സ്വയം തീകൊളുത്തിയ യുവാവും മരിച്ചിരുന്നു.

90 ശതമാനം പൊളളലേറ്റ നിലയിലാണ് കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചതെങ്കിലും ബോധം പൂർണമായി നഷ്ടപെട്ടിട്ടില്ലാത്തതിനാൽ സംസാരിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ വച്ചാണ് തീകൊളുത്തുന്നതിന് മുൻപ് നന്ദകുമാർ തന്നെ കുത്തി പരിക്കേൽപ്പിച്ചതായി യുവതി മൊഴി നൽകിയത്.

കൃഷ്ണപ്രിയയും നന്ദുവും കുറച്ചുകാലമായി സുഹൃത്തുക്കളാണ്. എന്നാല്‍ അടുപ്പത്തിന്റെ പേരില്‍ ഇയാള്‍ കൃഷ്ണപ്രിയയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. മുടി കെട്ടുന്നതില്‍ പോലും ഇയാള്‍ ഇടപെട്ടിരുന്നു. ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നവരോട് മാത്രമേ ഫോണിൽ സംസാരിക്കാൻ പാടുള്ളൂ തുടങ്ങിയ നന്ദകുമാറിന്റെ നിബന്ധനകൾ കൃഷ്ണപ്രിയ എതിര്‍ത്തതോടെ അക്രമാസക്തനായി പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. രണ്ട് ദിവസം മുന്‍പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണപ്രിയയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി താന്‍ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്‌സ് മെസേജയച്ചു. പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദകുമാറും ഒരു സുഹൃത്തും കൃഷ്ണപ്രിയയുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു. മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.

ബിരുദാനന്തര ബിരുദമുള്ള കൃഷ്ണപ്രിയ പഞ്ചായത്തിൽ താല്‍ക്കാലികമായി ലഭിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലിക്ക് അടുത്തിടെയാണ് പോയി തുടങ്ങിയത്. കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവർത്തകയാണ്. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. അച്ഛനെ സഹായിക്കാനായാണ് കൃഷ്ണപ്രിയ ഒരാഴ്ച മുന്പ് താൽക്കാലിക ജോലിയിൽ പ്രവേശിച്ചത്.