
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തീ പിടിച്ച ലാൻഡ് അക്വിസിഷൻ ഓഫീസിലെ ചുമരിൽ തെലുങ്കിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് കൈയിലൊരു കുപ്പിയുമായി കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
ഇതോടെയാണ് ഈ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്ന ആന്ധ്രാസ്വദേശിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാൾ പ്രതിയാണോയെന്ന കാര്യത്തിൽ ഉറപ്പില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. താലൂക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിന്റെ ശുചിമുറിയിൽ ഇയാൾ തീയിട്ടതാണ് സംശയം ബലപ്പെടുത്തുന്നത്.
അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്ന് വടകര എംഎൽഎ കെ കെ രമ ഉൾപ്പെടെയുള്ളവർ ഇന്നലെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തീ പിടിത്തമുണ്ടായത്. 28 വില്ലേജുകളിലെ ഭൂരേഖകൾ ഉൾപ്പെടെ ഫയലുകളും ഫർണിച്ചറുകളും കമ്പ്യൂട്ടറുകളുമെല്ലാം കത്തി നശിച്ചു. ഓടുമേഞ്ഞ പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായും നിലംപൊത്തി.