
ലണ്ടൻ: കൊവിഡിനെ തുടർന്ന് ഗുരുതരമായ ന്യുമോണിയ ബാധിക്കുന്ന രോഗികൾക്ക് ഏറെ ഫലപ്രദമാണ് പുതിയ മരുന്നെന്ന് പഠനം. ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബർമിംഗ്ഹാം സർവകലാശാലയിലെയും ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെയും ഗവേഷകർ ഉൾപ്പെടെയുള്ള സംഘമാണ് കൊവിഡിന് ഫലപ്രദമാണ് പുതിയ മരുന്നെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ ഈ മരുന്ന് പരീക്ഷിച്ചു വിജയിച്ചതായും പഠനത്തിൽ പറയുന്നു.
2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെ യുകെയിലുള്ള ഒമ്പത് ആശുപത്രികളിലാണ് മരുന്ന് പരീഷിച്ചത്. വാർഡിലും ഐസിയുവിലുമുള്ള 16 വയസിന് മുകളിലുള്ള രോഗികളാണ് പരീക്ഷണം നടത്തിയത്. കൊവിഡ് ബാധിക്കുന്നതോടെ സി റിയാക്ടീവ് പ്രോട്ടീൻ (സിആർപി) എന്നറിയപ്പെടുന്ന ഒരു തരം വീക്കം ശരീരത്തിനകത്തുണ്ടാകും. അതാണ് പുതിയ മരുന്ന് കുറയ്‌ക്കുന്നത്.
'കൊവിഡ് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ നമിലുമാബ് വീക്കം കുറയ്‌ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, ഇതിനായി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്." ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ട്രയൽ കോചീഫ് ഇൻവെസ്റ്റിഗേറ്റർ ബെൻ ഫിഷർ പറഞ്ഞു.
പരീക്ഷണ കാലഘട്ടത്തിൽ 54 രോഗികളെ സാധാരണ പരിചരണത്തിലും 57 പെരെ നമിലുമാബും നൽകിയാണ് ചികിത്സിച്ചത്. 28 ദിവസത്തിന് ശേഷം, ഇരുവിഭാഗത്തെയും താരതമ്യപ്പെടുത്തുമ്പോൾ നമിലുമാബ് നൽകിയവരിൽ മരണങ്ങൾ കുറവെന്ന് മാത്രമല്ല, ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞതായും പഠനത്തിൽ പറയുന്നുണ്ട്.