adham

വാഷിംഗ്ടൺ: മാസ്‌കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പാണ് ഫ്‌ളോറിഡ കേപ്‌കോറൽ സ്വദേശിയായ ആദം ജെന്നെ എന്ന യുവാവിനെ ജീവനക്കാർ ഇറക്കിവിട്ടത്.

ഫോർട്ട് ലൗഡർഡെയ്ൽ വിമാനത്താവളത്തിൽ നിന്ന് വാഷിംഗ്ടണിലേക്ക് പോവുകയായിരുന്നു വിമാനം. യുവാവ് സ്ത്രീകളുടെ അടിവസ്ത്രമാണ് ധരിച്ചതെന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളോട് വിമാനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ആദം കാരണം തിരക്കിയപ്പോൾ നിർദേശാനുസരണമുള്ള മാസ്‌ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിൻ ക്രൂവിന്റെ മറുപടി.

തുടർന്ന് ഒന്നും മിണ്ടാതെ ഇയാൾ വിമാനത്തിൽ നിന്നിറങ്ങി. വിമാനത്തിലുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാസ്‌ക് നിർബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമായിരുന്നെന്ന് ആദം പിന്നീട് പ്രതികരിച്ചു. മണ്ടത്തരം മനസിലാക്കി കൊടുക്കാൻ അതേരീതി തന്നെയാണ് നല്ലതെന്നാണ് താൻ കരുതുന്നതെന്നും, സമാനരീതിയിൽ നേരത്തെ മറ്റുചില വിമാനങ്ങളിലും യാത്രചെയ്തിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.