supreme-court

ന്യൂഡൽഹി: മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. പൊതു താത്പര്യ ഹർജിയിൽ നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും പ്രത്യേക തസ്‌തിക രൂപീകരിക്കാൻ മന്ത്രിസഭയ്‌ക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതിയിൽ സർക്കാർ ഹർജി നൽകിയിരിക്കുന്നത്.

നിയമനം റദ്ദാക്കിയ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിനാണ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറുടെ പ്രത്യേക തസ്‌തിക സൃഷ്ടിച്ച് സർക്കാർ നിയമനം നൽകിയത്.

എം എൽ എ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ ആശ്രിതനിയമനം നൽകാനാവില്ലെന്നും രാമചന്ദ്രൻ നായരുടെ മകന് നൽകിയ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതി നിയമനം റദ്ദാക്കിയത്.

പ്രശാന്തിന്റെ നിയമനം കാരണം ആർക്കും അവസരം നഷ്‌ടപ്പെട്ടില്ലെന്നും മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ അനുസരിച്ച് ഗവർണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആണ് തസ്‌തിക രൂപീകരിച്ചത് എന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.