
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ അതിവേഗം പകരുകയാണെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. യു കെയിലെയും ഫ്രാൻസിലെയും വ്യാപനത്തോത് അനുസരിച്ച് ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ ഉണ്ടാകുമെന്ന് സർക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുകയാണ്.
യു കെയിലെ വ്യാപനത്തോത് പ്രകാരം ഇന്ത്യയിലും സമാനമായ വ്യാപനമുണ്ടാവുകയാണെങ്കിൽ ജനസംഖ്യയനുസരിച്ച് പ്രതിദിനം പതിനാല് ലക്ഷം വരെ കേസുകൾ ഉണ്ടായേക്കാമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി കെ പോൾ വ്യക്തമാക്കി. ഫ്രാൻസിൽ 65000 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും ഈ തോത് വച്ച് നോക്കുമ്പോൾ ഇന്ത്യയിൽ പ്രതിദിനം പതിമൂന്ന് ലക്ഷം വരെ കേസുകൾ ഉണ്ടാകാമെന്നും വി കെ പോൾ പറഞ്ഞു.
യു കെയിൽ എക്കാലത്തെയും റെക്കോർഡ് കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ 2.4 ശതമാനം കൊവിഡ് കേസുകളാണ്. എൺപത് ശതമാനം ഭാഗിക പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയിട്ടും യൂറോപ്പ് ഗുരുതര ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവിടെ ഡൽറ്റ വൻ തോതിൽ വ്യാപിക്കുകയാണെന്നും വി കെ പോൾ കൂട്ടിച്ചേർത്തു.
അനാവശ്യ യാത്രകൾ, തിരക്ക് എന്നിവ ഒഴിവാക്കണമെന്നും പുതുവത്സര ആഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.