katrina-vicky-salman

ഈ മാസം ഒൻപതിനായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഹണിമൂണിന് ശേഷം നവദമ്പതികൾ മുംബയിൽ തിരിച്ചെത്തി. രാജകീയ വിവാഹം നടന്ന് ദിവസങ്ങൾക്കിപ്പുറം ജോലി തിരക്കിലേക്ക് മടങ്ങാനൊരുങ്ങുകയാണ് താരങ്ങൾ ഇപ്പോൾ.


ജോലിയിലേക്ക് മടങ്ങുകയാണെന്ന് ആരാധകരെ അറിയിച്ചുകൊണ്ട് വിക്കി കൗശൽ ഒരു സെൽഫി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആദ്യം ചായ, പിന്നെ ഷൂട്ടിംഗ് എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. ഇതുകണ്ടതോടെ കത്രീന എവിടെയെന്നായി ആരാധകർ.

View this post on Instagram

A post shared by Vicky Kaushal (@vickykaushal09)

മുൻ കാമുകൻ സൽമാൻ ഖാനൊപ്പം ടൈഗർ 3യുടെ ചിത്രീകരണത്തിനായി കത്രീന ഉടൻ ഡൽഹിയിലേക്ക് പോകുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. താരങ്ങൾ 15 ദിവസത്തോളം ഡൽഹിയിൽ ഉണ്ടാകുമെന്നാണ് സൂചന. ഷൂട്ടിംഗ് സുഗമമായി നടത്താനായിട്ടുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മനീഷ് ശർമയാണ് ചിത്രത്തിന്റെ സംവിധായകൻ. യാഷ് രാജ് ഫിലിംസാണ് സിനിമയുടെ നിർമാണം. റഷ്യ, തുർക്കി, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലും സിനിമ ചിത്രീകരിച്ചിട്ടുണ്ട്.

സൽമാൻ ഖാന്റെ ഏക് താ ടൈഗറിന്റെ തുടർച്ചയാണ് ടൈഗർ 3. സിനിമയുടെ ആദ്യ ഭാഗം 2012ലാണ് റിലീസ് ചെയ്തത്. സിനിമ വൻ ഹിറ്റായിരുന്നു. ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം വരുമാനം നേടി.അഞ്ച് വർഷത്തിന് ശേഷം, ടൈഗർ സിന്ദ ഹയി പുറത്തിറക്കി.