narendramodi

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുളള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുളള കേന്ദ്രനീക്കത്തെ എതിർത്ത് കോൺഗ്രസ്. വിവാഹപ്രായം ഉയർത്തുന്നതിന് പിന്നിൽ ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശങ്ങൾ ഉണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാടെന്നും ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. മറ്റ് പല പ്രധാന വിഷയങ്ങളും അവഗണിച്ച് സർക്കാർ ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നും വേണുഗോപാൽ അറിയിച്ചു.

ശീതകാല സമ്മേളനത്തിന്റെ അജണ്ടയിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ തിങ്കളാഴ്ച രാജ്യസഭയിൽ ബില്ല് കൊണ്ടു വരാനാണ് സർക്കാരിന്റെ നീക്കം. ബില്ല് പുരോഗമനപരം എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ നിലപാട് വ്യക്തമാക്കിയതും നീക്കത്തിൻറെ സൂചനയായി.

അതേ സമയം വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേണ്ടത്ര ചർച്ചയില്ലാതെയാണ് ഈ ബില്ലും കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നുണ്ട്. ശീതകാല സമ്മേളനത്തിൽ നാലു ദിവസം മാത്രം ബാക്കി നില്ക്കെ വിവാഹപ്രായം ഉയർത്താനുള്ള ബില്ല് പാസാകാനിടയില്ലെങ്കിലും വിഷയം സജീവമാക്കി നിറുത്താനാണ് സർക്കാർ നീക്കം.

ഇന്ത്യയിൽ ഇപ്പോൾ ഈ ബില്ലിന്റെ ആവശ്യം ഇല്ലെന്നും പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്നും സമാജ്വാദി പാർട്ടിയും വ്യക്തമാക്കിയിരുന്നു. അസറുദ്ദീൻ എവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിർക്കും. നേരത്തെ തന്നെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും എതിർപ്പ് അറിയിച്ചിരുന്നു. ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവർത്തിച്ചു.