
ലണ്ടൻ: ഒമിക്രോണും ഡെൽറ്റാ വൈറസും ഒരേസമയം ബാധിച്ച വ്യക്തിയിൽ നിന്നും പതിന്മടങ്ങ് ശേഷിയുള്ള പുതിയ വകഭേദം രൂപപ്പെടാൻ ഉയർന്ന സാദ്ധ്യതയുണ്ടെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ പോൾ ബർട്ടൺ. ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങളോട് നിലവിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ബർട്ടൺ.
ലോകത്ത് ഇതിനോടകം വൻ നാശം വരുത്തിവച്ച ഡെൽറ്റ വൈറസിനെക്കാൾ 30 ശതമാനത്തിലേറെ വ്യാപക ശേഷിയുള്ളതായിരുന്നു ഒമിക്രോൺ. എന്നാൽ ഡെൽറ്റയും ഒമിക്രോണും ചേർന്ന് ഉണ്ടാകുന്ന പുതിയ വകഭേദത്തിന് മറ്റ് രണ്ട് വൈറസുകളേക്കാളും പതിന്മടങ്ങ് വ്യാപക ശേഷിയുണ്ടാകുമെന്ന് ബർട്ടൺ പറഞ്ഞു. ഒമിക്രോൺ ലോകത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വേഗത കണക്കാക്കുമ്പോൾ ഒരു സൂപ്പർ സ്ട്രെയിൻ അധികം താമസിയാതെ ഉടലെടുക്കാനുള്ള സാദ്ധ്യത തള്ളി കളയാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഫ്രിക്കയിൽ നിന്ന് ലഭിച്ച ചില മെഡിക്കൽ റിപ്പോർട്ടുകൾ അനുസരിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിൽ ഒമിക്രോണും ഡെൽറ്റയും ഒരേസമയം കാണപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് ബർട്ടൺ ചില ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രണ്ട് വൈറസുകൾക്കും പരസ്പരം ജനിതക കൈമാറ്റം നടത്താനുള്ള ശേഷിയുണ്ടെന്നും ഇത് പ്രശ്നത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നെന്നും ബർട്ടൺ സൂചിപ്പിച്ചു.
അതേസമയം ലണ്ടനിലെ തന്നെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിൽ ഒമിക്രോൺ വൈറസ് മൂലമുള്ള രോഗം വീണ്ടും വരാനുള്ള സാദ്ധ്യത ഡെൽറ്റയെക്കാളും അഞ്ചിരട്ടിയെങ്കിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നവംബർ 29 മുതൽ ഡിസംബർ 11 വരെ വിവിധ കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് റിപ്പോർട്ട്.