
കൊല്ലം: കണ്ണനല്ലൂരിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ മുകൾ ഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം താഴെ നിന്ന രണ്ടു തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽ പെട്ട രണ്ടുപേരെയും പുറത്തെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ വച്ചാണ് പ്രദീപ് മരണപെട്ടത്. സാരമായി പരുക്കേറ്റ അതിഥിത്തൊഴിലാളി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വൈകാതെ സ്ഥലത്തെത്തിയിരുന്നു.