
ന്യൂഡൽഹി: ഡൽഹിയിലെ രോഹിണി ജില്ലാ കോടതിയിൽ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ശാസ്ത്രജ്ഞനെ ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഒരു അഭിഭാഷകനുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഭിഭാഷകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ അഭിഭാഷകൻ പത്ത് കേസുകൾ ഫയൽ ചെയ്തിരുന്നു. ഇതോടെയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും പ്രതി പറഞ്ഞു.