
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം. താൽകാലികമായാണ് ലേലം ഉറപ്പിച്ചതെന്നും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടി വരുമെന്നുമാണ് ദേവസ്വം ചെയർമാന്റെ നിലപാട്. ബഹ്റനിലുള്ള എറണാകുളം സ്വദേശി അമൽ മുഹമ്മദാണ് 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കിയത്.
25 ലക്ഷം രൂപ വരെ കൊടുക്കാൻ തയ്യാറായിരുന്നുവെന്ന് അമലിന്റെ പ്രതിനിധി പറഞ്ഞതോടെയാണ് ലേലം തർക്കത്തിലേക്ക് മാറിയത്. 15 ലക്ഷം രൂപയാണ് അടിസ്ഥാനവിലയായി ദേവസ്വം നിശ്ചയിച്ചത്.
ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിൽ 15.10 ലക്ഷം രൂപക്കാണ് അമൽ വാഹനം സ്വന്തമാക്കിയത്. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് വാഹനം സ്വന്തമാക്കിയ അമലിന്റെ പ്രതിനിധി പറഞ്ഞു.
എന്നാൽ, 25 ലക്ഷം രൂപയ്ക്ക് വരെ വാഹനം സ്വന്തമാക്കാൻ വന്ന ആൾക്ക് 15.10 ലക്ഷത്തിന് പിടിക്കാൻ പറ്റി. അത് അംഗീകരിക്കണമോയെന്നത് ഭരണസമിതി കൂടിയ ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു.
ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജറേഷൻ എസ് യു വി ഥാർ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.