
ചെന്നൈ: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ മകനെ പിതാവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ കേശവൻ മകൻ ശിവണി (30)യെ കോടാലിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ദിവസക്കൂലിക്ക് ജോലിനോക്കിയിരുന്ന കേശവൻ ഭാര്യ പളനിയമ്മാളിനും രണ്ട് പെൺമക്കളായ ശിവഗാമിക്കും, സോണിയക്കും മകൻ ശിവമണിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. പെൺമക്കൾ രണ്ടുപേരും വിവാഹിതരാണ്. മൂന്ന് വർഷം ശിവമണി വിദേശത്ത് ജോലി ചെയ്തിരുന്നു. ഇക്കാലയളവിൽ വീട്ടിലേക്കയച്ച പണത്തെച്ചൊല്ലി ശിവമണി മാതാപിതാക്കളുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. കഴിഞ്ഞ വർഷം തൊട്ട് ഇയാൾ തമിഴ്നാട്ടിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ ശിവമണിയും പിതാവും തമ്മിൽ വിവാഹത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ കേശവൻ കോടാലി ഉപയോഗിച്ച് മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ രക്തത്തിൽ കുളിച്ചുകിടന്ന ശിവമണിയെ ഉളുന്ദൂർപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒളിവിൽ പോയ കേശവനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.