
റാഞ്ചി: ജാർഖണ്ഡിൽ നടന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ സിംഗ്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് കൂടിയാണദ്ദേഹം.
റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന അണ്ടർ - 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യാഥിതിയായി എത്തിയ ബ്രിജ്ഭൂഷൺ രണ്ടുതവണ ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെറെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ ഗുസ്തി താരത്തെ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇക്കാര്യത്തിൽ എം.പിയോട് പരാതി പറയാനാണ് താരം ഉദ്ഘാടന വേദിയിലേക്ക് കയറിയത്. എന്നാൽ, മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന താരത്തിന്റെ അഭ്യർത്ഥന എം.പി നിഷേധിച്ചു. പിന്നീടും നിരന്തരം അഭ്യർത്ഥ്യന തുടർന്നതോടെ രോഷാകുലനായ എം.പി താരത്തെ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയുമായിരുന്നു.