
പനാജി: ഐ എസ് എല്ലിന്റെ ചരിത്രത്തിൽ രണ്ട് തവണ കിരീടം നേടിയിട്ടുള്ള ഏക പരിശീലകനായ അന്റോണിയോ ലോപ്പസ് ഹബാസിനെ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് എ ടി കെ മോഹൻ ബഗാൻ പുറത്താക്കി. ഹബാസിന്റെ സഹപരിശീലകനായ മാനുവൽ കാസ്കല്ലനയ്ക്ക് താത്ക്കാലിക പരിശീലകന്റെ ചുമതല നൽകിയിട്ടിട്ടുണ്ട്. ഇന്ന് പുറത്തു വിട്ട പത്രകുറിപ്പിലാണ് ക്ളബ് പരിശീലകനെ പുറത്താക്കാനുള്ള തീരുമാനം അറിയിച്ചത്.
2014ലും, 2019ലും എ ടി കെയെ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ഹബാസ്. ഐ എസ് എൽ കിരീടം രണ്ട് തവണ നേടിയ ഏക പരിശീലകൻ എന്ന നിലയ്ക്ക് ലീഗിലെ ഏറ്റവും മികച്ച പരിശീലകൻ എന്ന ഖ്യാതിയും ഹബാസിന് സ്വന്തമാണ്. എന്നാൽ ഇത്തവണത്തെ സീസണിൽ പരിതാപകരമായ അവസ്ഥയിലാണ് ഹബാസ് പരിശീലിപ്പിക്കുന്ന എ ടി കെ മോഹൻ ബഗാൻ. ആര് മത്സരങ്ങളിൽ നിന്നും വെറും എട്ട് പൊയിന്റ് മാത്രം സ്വന്തമായുള്ള എ ടി കെ പൊയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. തുടർച്ചയായ നാലു മത്സരങ്ങളിൽ വിജയം കണ്ടെത്താൻ സാധിക്കാത്തതും ഹബാസിനെതിരായ ക്ളബ് നടപടിയുടെ വേഗം വർദ്ധിപ്പിച്ചു എന്ന് വേണം കരുതാൻ.