
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ തീപിടിത്തമുണ്ടായത് തണുപ്പകറ്റാന്‍ തീയിട്ടപ്പോഴെന്ന് പ്രതിയുടെ മൊഴി. അറസ്റ്റിലായ ആന്ധ്ര സ്വദേശി സതീഷ് നാരായണ്‍ ഇക്കാര്യം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. നേരത്തെയും വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫീസുകളിൽ ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവയ്പ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ.
സി.സി.ടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
വടകര താലൂക്ക് ഓഫീസിന് സമീപമെത്തി കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.