
കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പരിപാടിക്കിടെ പൊതിച്ചോർ വാങ്ങിയൊരു യുവാവിന് ലഭിച്ചത് ചോറിനൊപ്പം പണവും ഹൃദയത്തിൽ തൊട്ടുള്ളൊരു എഴുത്തും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ഇത് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്‌തത്.
ഡി.വൈ.എഫ്.ഐ ഓർക്കാട്ടിരി മേഖലാ കമ്മിറ്റി വിതരണം ചെയ്‌ത പൊതിച്ചോറിലാണ് അജ്ഞാതനായയാൾ താൻ നൽകിയ പൊതിച്ചോറിൽ പണവും വച്ചത്. പൊതിച്ചോറും പണവും ലഭിക്കുന്നയാളുടെയോ ബന്ധുവിന്റെയോ രോഗം മാറാൻ പ്രാർത്ഥിക്കുന്നതായും പണമുപയോഗിച്ച് ഒരു നേരത്തെ മരുന്ന് പൊതിച്ചോർ ലഭിച്ചയാൾക്ക് വാങ്ങാൻ കഴിയുമെങ്കിൽ നന്നായെന്നും കത്തിലുണ്ട്. ആരെയും അറിയിക്കാതെ മറ്റുളളവരെ സഹായിക്കാൻ മനസുകാട്ടിയയാൾക്ക് ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നതായും വി.കെ സനോജ് പറയുന്നു.
വി.കെ സനോജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഉഥഎക കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂർവ്വം' പരിപാടിയുടെ ഭാഗമായി ഇന്ന് ഓർക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോർ വിതരണം ചെയ്തു.
തിരിച്ചു വരാൻ നേരം...ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോർ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങൾക്ക് കാണിച്ചു തന്നു.....
ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു...
അദ്ദേഹത്തിന്റെ പ്രിയ മകൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ