sdpi

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനെ പിന്നാലെയെത്തിയ കാറിലെ ആക്രമി സംഘം ഇടിച്ചുവീഴ്‌ത്തി. തുട‌ർന്ന് റോഡിൽ വീണ അദ്ദേഹത്തെ നാലുപേർ ചേർന്ന് വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് മാ‌റ്റിയെങ്കിലും മരിച്ചു.


ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ ശനിയാഴ്‌ച രാത്രി 7.30ഓടെയാണ് ആക്രമണമുണ്ടായത്.മണ്ണഞ്ചേരിയിൽ നിന്നും പൊന്നാടേക്കുള‌ള റോഡിൽ കുപ്പേഴം ജംഗ്‌ഷനിൽ വച്ചായിരുന്നു ആക്രമണം, ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തലയ്‌ക്കും കൈകാലുകൾക്കും വയറിനും പരിക്കേ‌റ്റ ഷാനെ പിന്നീട് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് മാ‌റ്റി. ആക്രമ സംഭവത്തെ തുടർന്ന് ആലപ്പുഴ ഡിവൈഎസ്‌പി എം.ജയരാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.