
മാഡ്രിഡ്: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിലെ ഇന്ത്യൻ പോരാട്ടത്തിൽ കിഡംബി ശ്രീകാന്തിന് ചരിത്ര വിജയം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ബാഡ്‌മിന്റൻ ഫൈനലിലെത്തുന്നത്. മുൻപ് പ്രകാശ് പദുക്കോൺ(1983), സായ്‌പ്രണീത്(2019) എന്നിവർ സെമിയിലെത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സ്‌പെയിനിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ 17-21,21-14,21-17 എന്ന സ്‌കോറിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം 17-21ന് സെൻ പൊരുതി നേടിയെങ്കിലും തുടർന്നുളള രണ്ട് സെറ്റും വിജയിച്ച് ശ്രീകാന്ത് ഫൈനൽ ഉറപ്പിക്കുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും ലക്ഷ്യ സെന്നിന് വെങ്കല മെഡൽ ലഭിക്കും. 2018 യൂത്ത് ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവാണ് 20കാരനായ ലക്ഷ്യ സെൻ. ചാമ്പ്യൻഷിപ്പിൽ ലക്ഷ്യയുടെ വെങ്കലത്തിന് പുറമെ ഇന്ത്യയ്‌ക്ക് സ്വർണമോ വെളളിയോ നേടാനാകുമെന്ന് ഉറപ്പായി.