shan

മാരാരിക്കുളം: കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ.കെ.എസ്. ഷാനിന്റെ ശരീരത്തിൽ നാൽപതോളം വെട്ടുകൾ. കഴുത്തിനും വയറിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആർ എസ് എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് എസ് ഡി പി ഐ ആരോപിച്ചു.


ഇന്നലെ വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനിൽവച്ചായിരുന്നു എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ.കെ.എസ്. ഷാനിന് നേരെ ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന ഷാനിനെ ഇടിച്ചിട്ട ശേഷം കാറിൽ നിന്നിറങ്ങിയ അഞ്ചംഗ സംഘം വെട്ടുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത വീട്ടിലെ കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ആലപ്പുഴ ഡിവൈ.എസ്.പി എം.ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഷാനിന്റെ മൃതദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. അൽപസമയത്തിനകം വണ്ടാനത്തെത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും.