
ആലപ്പുഴ: ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രിമിനൽ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം ഇന്നും നാളെയുമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ.കെ.എസ്. ഷാൻ, ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനിൽവച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാൻ സഞ്ചരിച്ച സ്‌കൂട്ടർ കാറിടിച്ച് വീഴ്ത്തി അഞ്ചംഗ സംഘം വെട്ടുകയായിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർ ഉൾപ്പടെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഇന്ന് പുലർച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീടാക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലുപ്പുഴ മെഡിക്കൽ കോളേജിലാണ് രഞ്ജിത്തിന്റെ മൃതദേഹം ഇപ്പോഴുള്ളത്.