amma-election-

കൊച്ചി : പതിവിന് വിപരീതമായി മത്സരമുണ്ടായതോടെ സിനിമാ താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിന് ചൂടും വാശിയും ഏറുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണിയൻ പിള്ള രാജു, നടൻ സിദ്ദിഖിനെതിരെ പരസ്യമായി പ്രതികരിച്ചു. ഫേസ്ബുക്കിൽ സിദ്ധിഖ് ഇട്ട പോസ്റ്റാണ് കാരണം. എതിർ സ്ഥാനാർഥികൾക്കെതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻ പിള്ള രാജു ചാനലുകളോട് പ്രതികരിച്ചത്.

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിലുണ്ടായിരുന്നത്. എന്നാൽ പോസ്റ്റിലൂടെ എതിർ സ്ഥാനാർത്ഥികളെ വിമർശിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നാണ് രാജുവിന്റെ പ്രതികരണം.
അമ്മയിൽ മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയെന്നും താരം അഭിപ്രായപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് മണിയൻ പിള്ള രാജു മത്സരിക്കുന്നത്.

സാധാരണഗതിയിൽ അമ്മയിൽ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങൾ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും മത്സരമുണ്ട്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും
എതിരില്ലാതെ ഇക്കുറിയും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷറായി സിദ്ദിഖിനും എതിരാളികളില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരമുണ്ട്.