golden-temple-

ചണ്ഡീഗഢ്: അമൃത്‌സറിലെ സുവർണ ക്ഷേത്രം അശുദ്ധമാക്കാനുള്ള ശ്രമത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ശക്തമായി അപലപിച്ചു. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.

ദിവസേനയുള്ള പ്രാർത്ഥനയ്ക്കിടെ സുവർണ ക്ഷേത്രത്തിനുള്ളിലെ നിയന്ത്രണ വേലിക്ക് മുകളിലൂടെ ചാടിക്കടന്ന യുവാവ് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളിൽ തൊടാൻ ശ്രമിച്ചു. ഇതാണ് ആക്രമണത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

" 20-നും 25-നും ഇടയിൽ പ്രായമുള്ള, തലയിൽ മഞ്ഞ തുണി കെട്ടിയിരുന്ന ഒരാൾ വേലി ചാടി ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. പിന്നീട് ഇയാൾ വിശുദ്ധ ഗ്രന്ഥത്തിന് സമീപം സൂക്ഷിച്ചിരുന്ന വാൾ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ക്ഷേത്രത്തിന്റെ അകത്ത് ഉണ്ടായിരുന്ന വിശ്വാസികൾ ഇയാളെ കടന്ന് പിടിക്കുകയും ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അമൃത്‌സർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പർമീന്ദർ സിംഗ് ഭണ്ഡൽ പറഞ്ഞു. അയാൾ തനിച്ചായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നപടി സ്വീകരിക്കും. അയാൾ എവിടെ നിന്നാണ് വന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും" ഭണ്ഡാൽ കൂട്ടിച്ചേർത്തു.

ഗുരുഗ്രന്ഥ് സാഹിബിന്റെയും സിഖ് ക്ഷേത്രങ്ങളുടെയും അവഹേളനം പഞ്ചാബിലും സിഖുകാർക്കിടയിലും വളരെ വൈകാരികമായ വിഷയമാണ്.

സംഭവത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെ കണ്ടെത്താൻ സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകിയതായി ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.