
തിരുവനന്തപുരം: ആലപ്പുഴയിലെ ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. അതേസമയം ആലപ്പുഴയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്. എറണാകുളം റേഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിലാണ് യോഗം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.