
മുംബയ് : മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജൽഗാവിൽ കുരങ്ങുകൾ എൺപതോളം നായ്ക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. കുരങ്ങ് കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് ഒരു മാസത്തിനിടെ 80 ഓളം നായ്ക്കുട്ടികളെ കുരങ്ങൻമാരുടെ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേതുടർന്ന് മജൽഗാവിലെ ഗ്രാമമായ ലവൂലിൽ നായ്ക്കുട്ടികളുടെ എണ്ണം പൂജ്യമായി കുറഞ്ഞിരുന്നു. ഒടുവിൽ ഗ്രാമവാസികൾ പ്രതിഷേധം കടുപ്പിച്ചതോടെ കൊലപാതകികളായ കുരങ്ങുകളിൽ രണ്ടെണ്ണത്തെ നാഗ്പൂർ വനംവകുപ്പ് സംഘം പിടികൂടി. രണ്ട് കുരങ്ങുകളെയും ബീഡിൽ നിന്ന് നാഗ്പൂരിലേക്ക് മാറ്റുമെന്നും തുടർന്ന് അടുത്തുള്ള വനത്തിലേക്ക് വിടുമെന്നും ബീഡ് ഫോറസ്റ്റ് ഓഫീസർ സച്ചിൻ കാൻഡി പറഞ്ഞു.
ലവൂൽ ഗ്രാമത്തിൽ കുരങ്ങന്മാരും നായകളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത് ഒരു കുഞ്ഞ് കുരങ്ങിനെ കൊന്നതിനെ നായകൾ കൊന്നതിനെ തുടർന്നാണ്. മരണത്തിന് പ്രതികാരം ചെയ്യാൻ കുരങ്ങുകൾ നായ്ക്കുട്ടികളെ എടുത്ത് മരങ്ങളിൽ നിന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു. നായ്ക്കുട്ടികളെ അന്വേഷിച്ച് കുരങ്ങുകളുടെ സംഘം സ്ഥിരമായി ഗ്രാമത്തിൽ പ്രവേശിച്ചതോടെ നാട്ടുകാരും ഭയപ്പാടിലായി.
നായ്ക്കുട്ടികളെ ഗ്രാമവാസികൾ രക്ഷിക്കാൻ ശ്രമിച്ചതോടെ കുരങ്ങുകൾ ആളുകൾക്ക് നേരെ തിരിഞ്ഞിരുന്നു. ബീഡിലെ കുരങ്ങുകൾ സ്‌കൂളിൽ പോകുന്ന കുട്ടികളെയും ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയതോടെയാണ് ജനം പ്രതിഷേധിക്കാൻ ആരംഭിച്ചത്. ലോക്കൽ പോലീസിന്റെ സഹായത്തോടെ നിരവധി കുരങ്ങന്മാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിയിലാക്കി പിടികൂടി.