
ദുബായ്: കടയുടമയെ കൊലപ്പെടുത്തി മൊബൈൽ ഷോപ്പിൽ നിന്ന് 158 ഫോണുകളും പണവും മോഷ്ടിച്ച സംഭവത്തിൽ പ്രതികളായ രണ്ട് പ്രവാസികൾക്ക് 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. യുഎഇയിലാണ് സംഭവം നടന്നത്. മൊബൈൽ ഫോണിന് പുറമെ 21,000 ദിർഹവും 1000 ഡോളറുമാണ് കടയിൽ നിന്നും പ്രതികൾ മോഷ്ടിച്ചത്.
മൊബൈൽ ഷോപ്പ് ഉടമയുടെ ഡ്രൈവറാണ് മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് രേഖകളിൽ പറയുന്നു. മറ്റ് രണ്ടുപേരുടെ സഹായത്തോടെയാണ് ഇയാൾ പദ്ധതി നടപ്പാക്കിയത്. കടയുടമ കടയുടെ അകത്തായിരുന്ന സമയത്താണ് ഇവർ ആക്രമണം നടത്തിയത്. ഉടമയെ കെട്ടിയിട്ടശേഷം ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ ടേപ്പൊട്ടിച്ചു. എന്നാൽ ശ്വാസതടസം കാരണം മരണപ്പെടുകയായിരുന്നു.
കൊലപാതക വിവരം പുറത്തറിയുന്നതിന് മുൻപ് തന്നെ രണ്ട് പ്രതികളും രാജ്യം വിട്ടിരുന്നു. രണ്ടാം പ്രതി മോഷണ വസ്തുക്കൾ തന്റെ ബന്ധുനവിനെ ഏൽപ്പിച്ച ശേഷമാണ് രാജ്യം വിട്ടത്. ഫോണുകൾ വിറ്റുകിട്ടുന്ന പണം തനിക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. മൂന്നാം പ്രതിയും നാലാം പ്രതിയും ചേർന്ന് മോഷണ വസ്തുക്കൾ മരുഭൂമിയിൽ കുഴിച്ചിട്ടുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
രണ്ട് പ്രവാസികളെയും 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ചശേഷം യുഎഇയിൽ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. ഏഷ്യക്കാരായ ഇരുവരുടെയും അസാന്നിദ്ധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിൽ പങ്കാളികളായ മറ്റു രണ്ട് പ്രതികൾ യുഎഇയിൽ വച്ചുതന്നെ പിടിയിലായിരുന്നു. ഇവർക്ക് അഞ്ചു വർഷം ജയിൽ ശിക്ഷ വിധിച്ചു.