
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് റഫാലുകളെ വില്‍ക്കാന്‍ സാധിച്ചതോടെ ഫ്രാന്‍സിന് നല്ല നാളുകളാണ് ഉണ്ടായിരിക്കുന്നത്. അവരുടെ ആയുധ ശേഖരത്തില്‍ ഒരു കാലത്ത് മങ്ങലേറ്റ് കിടന്നിരുന്ന റഫാലുകളെ കൊതിച്ച് നിരവധി രാജ്യങ്ങളാണ് ഇപ്പോള്‍ കാത്തുകിടക്കുന്നത്. ഫ്രഞ്ച് സേന ഉപയോഗിച്ച റഫാലുകള്‍ പോലും വാങ്ങാന്‍ രാജ്യങ്ങള്‍ തയ്യാറാവുകയാണ്. ഈ അവസരത്തിലാണ് ഡല്‍ഹിയിലെത്തിയ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി ഇന്ത്യ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. ലോകത്തെ രണ്ട് പ്രധാന ശക്തികള്‍ ഒരേ വിമാനം ഉപയോഗിക്കുന്നത് അവരുടെ ബന്ധത്തിലെ ശക്തിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചത്. ഇതില്‍ 33 എണ്ണം ഇതിനകം ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഏകദേശം 59,000 കോടി രൂപ ചെലവിട്ടാണ് ഇന്ത്യ ഈ ആയുധ ഇടപാടി നടത്തിയിരിക്കുന്നത്. 2016 സെപ്തംബറിലായിരുന്നു കരാര്‍ ഒപ്പിട്ടത്.
'ഇന്ത്യന്‍ എയര്‍ഫോഴ്സ് റഫാലില്‍ തൃപ്തരായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, കൊവിഡ് ഉണ്ടായിരുന്നിട്ടും 36 വിമാനങ്ങള്‍ കരാര്‍ പ്രകാരം കൃത്യസമയത്ത് എത്തിക്കുമെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഇത് ഒരു യഥാര്‍ത്ഥ നേട്ടമാണെന്ന്' ഫ്‌ളോറന്‍സ് പാര്‍ലി അഭിപ്രായപ്പെട്ടു.
വ്യോമസേനയ്ക്ക് പിന്നാലെ ഇന്ത്യന്‍ നാവിക സേനയില്‍ അവസാന വട്ട പരീക്ഷണം നടക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലില്‍ റഫാലുകളെ ഉള്‍പ്പെടുത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മനസില്‍ വച്ചാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെന്ന് അനുമാനിക്കാം.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ നാവികസേനയില്‍ ചേരുമെന്നാണ് കരുതുന്നത്.
റഷ്യയില്‍ നിന്ന് സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്തതിന് ശേഷം 23 വര്‍ഷത്തിന് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ വിമാന കരാറായിരുന്നു ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷനുമായി നടത്തിയത്. അഞ്ച് റാഫേല്‍ ജെറ്റുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷം ജൂലായ് 29 നാണ് ഇന്ത്യയിലെത്തിയത്. അതേസമയം 36 റഫാല്‍ ജെറ്റുകളുടെ ഒരു ബാച്ച് കൂടി ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ മിസൈല്‍ നിര്‍മ്മാതാക്കളായ എംബിഡിഎയുടെ മെറ്റിയോര്‍ വിഷ്വല്‍ റേഞ്ച് എയര്‍ടുഎയര്‍ മിസൈലുകളും സ്‌കാല്‍പ്പ് ക്രൂയിസ് മിസൈലുകളുമാണ് റാഫാല്‍ ജെറ്റുകളുടെ പ്രധാന ആയുധം
ഇന്ത്യ റഫാലുകളെ സ്വന്തമാക്കിയതിന് പിന്നാലെ ഫ്രാന്‍സിന് മികച്ച ഓര്‍ഡറുകളാണ് ലഭിക്കുന്നത്. 19 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സും ഫ്രാന്‍സും അടുത്തിടെ ഒപ്പു വച്ചത്. ഇതിലൂടെ എണ്‍പത് പുത്തന്‍ റഫാലുകളെയാണ് യു എ ഇ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
റഫാലുകളെ യു എ ഇ വാങ്ങിയത് ഇന്ത്യയുടെ പാത പിന്തുടര്‍ന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. ദസ്സാള്‍ട്ട് ഏവിയേഷന്‍ മുന്‍പ് നിര്‍മ്മിച്ച മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ യു എ ഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു. ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോണ്‍ സ്‌റ്റോപ് പറക്കലില്‍ ആകാശത്ത് വച്ച് എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നല്‍കിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതല്‍ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ ഫ്രാന്‍സ് ചര്‍ച്ചകള്‍ നടക്കുകയാണ്. മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കിയിരുന്നു.
യു എ ഇയുടെ ഭീമന്‍ കരാര്‍ ലഭിച്ചതോടെ ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനിക്ക് 2031 അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊര്‍ജം ലഭിച്ചിരിക്കുന്നത്. ഈ കരാര്‍ ഫ്രാന്‍സിലെ 7,000 തൊഴിലവസരങ്ങളെ നേരിട്ട് പിന്തുണയ്ക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള ഇടപാട് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ നിലവില്‍ ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായിട്ടാണ് ഫ്രാന്‍സ് റഫാലിനായി കരാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദ്ധാനം പാലിക്കണമെങ്കില്‍ റഫാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനി. യു എ ഇയുടെ ഓര്‍ഡര്‍ വന്നതോടെ വിമാനകമ്പനിയുടെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.