millipede

സിഡ്നി: ആയിരത്തിന് മുകളിൽ കാലുകളുള്ള തേരട്ടയെ ഓസ്ട്രേലിയയിൽ നിന്ന് ജന്തുശാസ്ത്ര ഗവേഷകർ കണ്ടെത്തി. ലോകത്തിൽ തന്നെ ഇത് ആദ്യമായാണ് ഇത്രയേറെ കാലുകളുള്ള അട്ടയെ കണ്ടെത്താൻ സാധിച്ചതെന്ന് ശാസ്ത്ര‌ജ്ഞർ അറിയിച്ചു. ഓസ്ട്രേലിയയിലെ ഒരു ധാതുഖനിക്കുള്ളിൽ നിന്ന് കണ്ടെത്തിയ അട്ടയ്ക്ക് 1306 കാലുകളാണുള്ളതെന്ന് ഗവേഷകർ അറിയിച്ചു. ഇതിന് മുമ്പ് 750 കാലുകളുള്ള അട്ടയെ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്നും അതിനാൽ തന്നെ ഈ അട്ട റെക്കാഡ് ബുക്കിൽ ഇടം നേടുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

'സത്യമായ ആയിരം കാലുകൾ' എന്ന് അർത്ഥം വരുന്ന ലാറ്റിൻ, ഗ്രീക്ക് പദങ്ങൾ ചേർന്നാണ് തേരട്ടയുടെ ഇംഗ്ളീഷ് പേരായ മില്ലിപീഡ് രൂപപ്പെട്ടത്. എന്നാൽ ഇതുവരെയായും ആയിരമോ അതിനു മുകളിലോ കാലുകളുള്ള തേരട്ടയെ ലോകത്തെങ്ങുനിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അതിനാൽ തന്നെ സ്വന്തം പേരിനോട് നീതി പുലർത്തുന്ന ആദ്യത്തെ അട്ടയാണ് ഓസ്ട്രേലിയയിലേതെന്നും ഗവേഷകർ മാദ്ധ്യമങ്ങളെ അറിയിച്ചു.

പുതിയ തേരട്ടയെ പരിശോധിച്ചതിൽ നിന്നും മുമ്പ് കണ്ടെത്തിയിട്ടുള്ള 750 കാലുകളുള്ള തേരട്ടയുമായി നിരവധി സാദൃശ്യങ്ങൾ ഉണ്ടെന്ന് മനസിലായതായി ഗവേഷകർ പറഞ്ഞു. 330 സെഗ്‌മെന്റുകളുള്ള ഈ അട്ടയ്ക്ക് 0.95 മില്ലിമീറ്റർ വീതിയും 95.7 മില്ലിമീറ്റർ നീളവുമുണ്ട്. ചെറിയ കാലുകളും കൂ‌ർത്ത തലകളുമുള്ള ഈ പുതിയ തേരട്ടയെ കാലിഫോർണിയൻ മില്ലിപീഡ് സ്പീഷീസ് എന്ന ഗണത്തിലാണ് ഗവേഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്.