
തിരുവനന്തപുരം: ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് വർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും, താലിബാൻ മാതൃകയിൽ ആയുധ പരിശീലനം നടത്തുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
പോപ്പുലർ ഫ്രണ്ടിന് സി പി എം- പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ആരോപിച്ചു. ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയാകാത്തയാളാണ് രഞ്ജിത്തെന്നും, വ്യക്തിപരമായ വൈരാഗ്യം ആർക്കെങ്കിലും ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം രഞ്ജിത്തിന്റെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ് ഇപ്പോൾ. എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരുകൊലപാതകങ്ങളും അന്വേഷിക്കുമെന്ന് ഡി ജി പി അറിയിച്ചു.

ഷാനിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്
കൊല്ലപ്പെട്ട എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. മണ്ണാഞ്ചേരി പൊന്നാട് പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം. ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ഉന്നത നേതൃത്വമാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.