
ക്രിസ്തുമസും ന്യൂ ഇയറും അടുത്തെത്തിയതോടെ ഓഫീസുകളിലും മറ്റും പാർട്ടികളുടെ സമയമാണ്. അത്തരത്തിൽ ഒരു ഓഫീസിലെ ബോസ് ഇരുപതോളം വരുന്ന ജീവനക്കാർക്ക് നൽകിയ പാർട്ടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബോസിന്റെ പാർട്ടിയിൽ ഏറെ പ്രതീക്ഷയോടെ പങ്കെടുത്തവർക്ക് കടുത്ത നിരാശയാണ് ഉണ്ടായത്. പിശുക്കനായ ബോസ് ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ പാർട്ടിയാണ് ഒരുക്കിയിരുന്നത്. പാർട്ടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് സമൂഹ മാദ്ധ്യമങ്ങളിൽ അവരുടെ അവസ്ഥ പങ്കുവച്ചിരിക്കുന്നത്.
'ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ ഓഫീസ് ക്രിസ്തുമസ് പാർട്ടി' എന്ന വിശേഷണമാണ് ബോസിന്റെ പാർട്ടിക്ക് തൊഴിലാളി ഇട്ടിരിക്കുന്ന വിശേഷണം. ക്രിസ്മസ് പാർട്ടിക്കുള്ള മൾട്ടി പർപ്പസ് റൂമിലേക്ക് എല്ലാവർക്കും പോകാനുള്ള അറിയിപ്പ് വന്നതോടെ പ്രതീക്ഷയോടെ എല്ലാവരും ഓടിയെത്തി.
എന്നാൽ അവിടെ കാണാനായത് ഒരു ചെറിയ മേശയിൽ വിളമ്പിവച്ച ജാപ്പനീസ് വിഭവമായ സുഷിയായിരുന്നു, പാർട്ടിയിലെ മുഖ്യ ആഹാരം ന്യൂഡിൽസും. ന്യൂഡിൽസ് രണ്ട് മിനിട്ട് കൊണ്ട് തയ്യാറാക്കുന്ന പായ്ക്കറ്റിലേതായിരുന്നു എന്നാണ് വിചിത്രമായത്. ഗിസയിലെ പിരമിഡുപോലെയാണ് പാർട്ടി റൂമിൽ കൂന കൂട്ടിയ ന്യൂഡിൽസ് കണ്ടപ്പോൾ പങ്കെടുത്തവർക്ക് തോന്നിയത്. പാർട്ടിക്ക് ശേഷം പങ്കെടുത്തവർ മുതലാളിയുടെ പിശുക്ക് കണക്ക് കൂട്ടിയപ്പോൾ ഒരു കാര്യം മനസിലായി പാർട്ടിക്കായി കമ്പനി 'ഒരു ജീവനക്കാരന് ചിലവാക്കിയത് കേവലം 160 രൂപയിലും താഴേയാണ്.