omicron-

ലണ്ടൻ : ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം തീർത്ത ഡെൽറ്റ വകഭേദമാണ് പിന്നീട് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനത്തിന് കാരണമായത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ ഒമിക്രോൺ വകഭേദം തുടങ്ങിയത് ദക്ഷിണാഫ്രിക്കയിലാണെങ്കിലും അത് പടർന്ന് പിടിക്കുന്നത് ബ്രിട്ടനിലാണ്. ഒരേ സമയം ഡെൽറ്റയും, ഒമിക്രോണും യു കെയുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്ന് ബ്രിട്ടനാണ്. ഡിസംബർ പതിനേഴിന് 93,045 പുതിയ കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒമിക്രോൺ വകഭേദം പിടികൂടിയവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയും ചെയ്യുന്നു.

ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് വാക്സിനുകളോട് കൂടുതൽ പ്രതിരോധശേഷിയുള്ളതും ഡെൽറ്റ വേരിയന്റിനേക്കാൾ കൂടുതൽ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്. ഇതേ തുടർന്നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വിദേശ യാത്രയ്‌ക്കെതിരെ നിർദ്ദേശങ്ങൾ നൽകി തുടങ്ങിയിട്ടുള്ളത്. ഈ അവസരത്തിലാണ് ഡെൽറ്റയും ഒമിക്രോണും ചേർന്ന് പുതിയൊരു വകഭേദം ഉണ്ടായാൽ എന്ത് സംഭവിക്കും എന്ന ചർച്ച വിദഗ്ദ്ധർ ഗൗരവത്തോടെ എടുക്കുന്നത്.

ഒമിക്രോണും ഡെൽറ്റയും ചേർന്ന് കൂടുതൽ അപകടകരമായ വകഭേദം ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ പോൾ ബർട്ടൺ അഭിപ്രായപ്പെടുന്നത്. ഒമിക്രോണും ഡെൽറ്റയും ചേർന്ന് കൂടുതൽ അപകടകരമായ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് അദ്ദേഹം കരുതുന്നു. യുകെ പാർലമെന്റിന്റെ സയൻസ് ആൻഡ് ടെക്‌നോളജി കമ്മിറ്റിയിൽ സംസാരിക്കുമ്പോഴായിരുന്നു പോൾ ബർട്ടൺ ഈ മുന്നറിയിപ്പ് നൽകിയത്.

പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് രണ്ട് വൈറസുകളും ഉൾക്കൊള്ളാൻ കഴിയും എന്നതിനെ സാധൂകരിക്കുന്ന ഡാറ്റയുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഇതു സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടെന്ന് മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങനെയൊരു പുതിയ വകഭേദം സൃഷ്ടിക്കപ്പെട്ടാൽ അത് കൂടുതൽ മാരകമാവും.

ഡെൽറ്റാ, ഒമിക്രോൺ വകഭേദങ്ങൾ കൂടിച്ചേർന്നാൽ അത് ഒരു മ്യൂട്ടന്റ് കോംബോ വൈറസിന് കാരണമാകുമെന്നാണ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻവയോൺമെന്റൽ സയൻസ് ആൻഡ് റിസർച്ചിലെ ജീനോമിക്സ് ശാസ്ത്രജ്ഞൻ മൈക്ക് ബൻസ് പറയുന്നത്. ആൽഫയും ഡെൽറ്റയും ജീനുകൾ പങ്കിടുന്നതിന്റെ ഫലമാണ് ഒമിക്‌റോണിന്റെ ലക്ഷണങ്ങൾ എന്നാണ് സിഡ്നിയിലെ വെസ്റ്റ്മീഡ് ഇൻസ്റ്റിറ്റിയൂട്ടിലെ വൈറോളജിസ്റ്റ് സാറാ പാമർ അഭിപ്രായപ്പെടുന്നത്. പുതിയ വകഭേദങ്ങളിൽ വിദഗ്ദ്ധർ അതിനാൽ വളരെ ആശങ്കാകുലരുമാണ്. മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ, വാക്സിനേഷൻ, സാനിറ്റൈസേഷൻ തുടങ്ങിയ സുരക്ഷാ മുൻകരുതലുകളാണ് ഇപ്പോഴും കൊവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വഴികൾ.