maria-kuriakose

സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്നത് പല യുവാക്കളുടെയും സ്വപ്നമാണ് എന്നാൽ എന്ത് ബിസിനസ് ചെയ്യണമെന്ന് ഒരു ധാരണയും ഉണ്ടായിരിക്കില്ല. 2017ൽ ബിസിനസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിയ്ക്ക് കയറിയ തൃശ്ശൂർ സ്വദേശിനി മരിയ കുര്യാക്കോസും ഇത്തരത്തിൽ ഒരാളായിരുന്നു. എന്നാൽ അധസ്ഥിതരെ ശാക്തീകരിക്കുന്നതിനായി ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച മരിയ ഒരു വർഷത്തിനു ശേഷം ജോലി ഉപേക്ഷിച്ചു. ശേഷം അധസ്ഥിതരായ സ്ത്രീകളോടൊപ്പം സാനിറ്ററി പാഡുകൾ നി‌ർമിക്കുന്ന ഒരു സോഷ്യൽ എന്റർപ്രൈസിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി.

ബിസിനസിന്റെ തുടക്കം

തൃശ്ശൂരിലെ ഒരു വെളിച്ചെണ്ണ മില്ലിലേയ്ക്കുള്ള സന്ദർശനമാണ് മരിയയുടെ ബിസിനസ് ജീവിതത്തിന് വഴിത്തിരിവ് ഉണ്ടാക്കിയത്.

എല്ലാ ഭാഗവും പ്രയോജനപ്പെടുത്താവുന്ന വൈവിധ്യമാർന്ന വിളയാണ് തേങ്ങ. എന്നാൽ അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗം മാത്രം എടുത്തശേഷം പുറം തോടായ ചിരട്ട വലിച്ചെറിയുകയാണ് പലരും ചെയ്യുന്നത്. ഇത് മനസിലാക്കിയ മരിയ അതിനെപ്പറ്റി കൂടുതൽ ഗവേഷണം നടത്താൻ തുടങ്ങി. ചിരട്ടയിൽ നിന്ന് കരിയുണ്ടാക്കി അതിനെ ബിസിനസാക്കുന്നുണ്ടെന്നും അല്ലാത്തപക്ഷം അവയെ കത്തിച്ച് ഇന്ധനമാക്കുമെന്നും മരിയ മനസിലാക്കി.

കേരളത്തിൽ ചിരട്ട ഉപയോഗിച്ച് കരകൗശല വസ്തുക്കളും ഭക്ഷണം വിളമ്പാനുള്ള പാത്രങ്ങളും നിർമിക്കുന്ന നിരവധിപേർ ഉണ്ടെങ്കിലും ഉൽപ്പന്നങ്ങൾക്ക് കാര്യമായ വിൽപ്പന ഇല്ലാത്തതിനാൽ കരകൗശല വിദഗ്ദ്ധരുടെ എണ്ണവും കുറഞ്ഞുവരികയാണ് .

ഈ വിവരങ്ങൾ ''തേങ്ങ'' എന്ന പേരിൽ ഒരു ബ്രാന്റ് ആരംഭിക്കുന്നതിലേയ്ക്ക് നയിച്ചു. ഇന്ന് ചിരട്ടകൊണ്ട് നിർമിച്ച 8000ത്തിലധികം ഉൽപ്പന്നങ്ങളാണ് വിറ്റുപോയത്.

ചിരട്ടയിൽ നിന്നും വരുമാനം കണ്ടെത്താം

coconut-shell-products

2019ൽ ചിരട്ടകൊണ്ടുളള ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങാൻ ആരംഭിച്ചപ്പോൾ മരിയ പല കരകൗശല വിദഗ്ദ്ധന്മാരുമായി സംസാരിച്ചിരുന്നു. ചിരട്ടകൾ എങ്ങനെ തരം തിരിക്കണമെന്ന് മലസ്സിലാക്കാൻ കുറച്ചു മാസങ്ങൾ ചിലവഴിക്കേണ്ടതായി വന്നു. അതിൽ നിന്നും ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ ചില യന്ത്രങ്ങൾ ആവശ്യമാണെന്ന് മനസിലാക്കി. ചിരട്ടയുടെ പുറവും അകവും സ്ക്രബ് ചെയ്ത് മിനുസമാർന്ന ഫിനിഷിംഗ് നൽകാനാണ് യന്ത്രം.

എങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്നതായതിനാൽ തുടക്കത്തിൽ അധികം പണം നിക്ഷേപിക്കുന്നതിന് മരിയ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെ റിട്ടയേർഡ് മെക്കാനിക്കൽ എഞ്ചിനിയ‌ർ ആയ മരിയയുടെ പിതാവ് കുര്യാക്കോസ് സഹായവുമായി രംഗത്തെത്തി. കുറഞ്ഞ വിലയ്ക്ക് യന്ത്രങ്ങൾ നിർമിക്കാൻ അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയിരുന്നു. അങ്ങനെ ചുരുങ്ങിയ ചിലവിൽ യന്ത്രങ്ങൾ നിമിച്ചു. അതിനായി മാതാവ് ജോളി കുര്യാക്കോസും സഹായിച്ചിരുന്നു.

ഇതേ സമയം മരിയ പാത്രങ്ങൾ വാങ്ങാൻ തയ്യാറുള്ള ബിസിനസുകാരെ കണ്ടെത്തി. ശേഷം വീട്ടിൽ കുറച്ച് പാത്രങ്ങൾ നിർമിച്ചു. അവയിൽ ബിസിനസ് ലോഗോയും അച്ചടിച്ചു. തടി ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഒരു ലേസർ കമ്പനിയാണ് പ്രിന്റിംഗ് ചെയ്തത്. ശേഷം വാർണിഷ് പോലുള്ള രാസവസ്തുക്കൾക്ക് പകരം വെളിച്ചെണ്ണ ഉപയോഗിച്ച് മിനുസപ്പെടുത്തിയെടുത്തത്.

ഓർഡറുകൾ ഡെലിവറി ചെയ്തു കഴിഞ്ഞപ്പോൾ പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിച്ചത് എന്ന് മരിയ പറയുന്നു. ബിസിസസുകാർക്ക് വിൽക്കുന്നതിന് പുറമെ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും ഉപഭോക്താക്കളിലേയ്ക്ക് എത്തിച്ചുതുടങ്ങി.

കൂടുതൽ ഓർജർഡറുകൾ ലഭിക്കാൻ തുടങ്ങിയപ്പോൾ വീട്ടിൽ നിർമിക്കുന്നത് പ്രായോഗികമല്ലാതായി മാറി. അതിനാൽ തൃശ്ശൂർ, വയനാട്, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധന്മാരുടെ സഹായത്തോടെ വ്യത്യസ്ത വലുപ്പത്തിലുള്ള പാത്രങ്ങൾ നിർമിക്കാൻ തുടങ്ങി.

നിലവിൽ കേരള,കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ആമസോൺ വഴിയും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേയ്ക്ക് എത്തുമെന്ന് മരിയ പറയുന്നു.