
ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസി. 21 വയസ് എന്ന് പറയുന്നത് സ്ത്രീകൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന പ്രായമാണെന്ന് മോദി സർക്കാർ തീരുമാനത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു. അതേസമയം ഈ സർക്കാർ നീക്കത്തെ എതിർക്കുന്നവരോട് പെൺകുട്ടികളുടെ ജീവിതം കൊണ്ട് കളിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
' ഇന്നത്തെ കാലത്ത് വിവാഹത്തേക്കാൾ ഒരു കരിയറാണ് പ്രധാനം, പെൺകുട്ടി 21 വയസിൽ കൂടുതൽ പക്വതയുള്ളവളാണെങ്കിൽ അത് നല്ലതാണ്. 21 വയസിൽ അവൾക്കും മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന്' ഇമാം പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖിനോടുള്ള വിയോജിപ്പും ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് വ്യക്തമാക്കി. എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുതെന്നും, ഇത് സ്ത്രീ ശാക്തീകരണമാണെന്നും, അതിനായി മോദി സർക്കാർ നല്ല പദ്ധതികൾ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പലരും മുത്തലാഖ് നിയമത്തെ എതിർത്തിരുന്നുവെങ്കിലും സർക്കാർ നീക്കം നിരവധി സ്ത്രീകളുടെ വീടുകൾ രക്ഷിച്ചുവെന്നും ഇമാം അഭിപ്രായപ്പെട്ടു.
ഇന്ത്യ ദരിദ്ര രാജ്യമായതിനാൽ മകളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബർഖ് അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ പാർലമെന്റിൽ ഈ ബില്ലിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചിരുന്നു.
സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 2006ലെ ശൈശവ വിവാഹ നിരോധന നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ അവതരിപ്പിച്ചേക്കും.