kohli-ganguly

ന്യൂഡൽഹി: ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബി സി സി ഐ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. തനിക്ക് കൊഹ്‌ലിയുടെ ആറ്റിറ്റ്യൂഡ് ഇഷ്ടമാണെങ്കിലും അയാൾ എപ്പോഴും അടിയുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്ന് ഗാംഗുലി പറഞ്ഞു. ന്യൂഡൽഹിയിലെ ഗുരുഗ്രാമിൽ നടന്ന പരിപാടിയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഗാംഗുലി. ഗാംഗുലി ഇത് കാര്യമായിട്ടാണോ അതോ കളിയായി പറഞ്ഞതാണോയെന്ന് വ്യക്തമല്ല. ജീവിതത്തിൽ ടെൻഷൻ ഉണ്ടാകുമ്പോൾ എന്ത് ചെയ്യുമെന്ന മറ്റൊരു ചോദ്യത്തിന് ജീവിതം ആർക്കും ടെൻഷൻ തരാറില്ലെന്നും ഭാര്യയും കാമുകിയും മാത്രമാണ് ടെൻഷൻ നൽകുന്നതെന്നും ഗാംഗുലി പറഞ്ഞു.

കൊഹ്‌ലിയെ ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുർന്നുണ്ടായ വിവാദം കെട്ടടങ്ങി വരുന്നതേയുള്ളു. അപ്പോഴാണ് കൊഹ്‌ലിയെകുറിച്ചുള്ള തന്റെ അഭിപ്രായം ഗാംഗുലി വെട്ടിതുറന്ന് പറഞ്ഞിരിക്കുന്നത്. ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പായി താൻ കൊഹ്‌ലിയോട് ഇതിനെകുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഗാംഗുലിയുടെ വാക്കുകൾക്ക് ഘടകവിരുദ്ധമായാണ് കൊഹ്‌ലി സംസാരിച്ചത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ് അഞ്ച് മിനിട്ട് മാത്രം നീണ്ടുനിന്ന ഒരു ഫോൺകോൾ വഴിയാണ് ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുകയാണെന്ന് സെലക്ടർമാർ പറഞ്ഞതെന്ന് കൊഹ്‌ലി പറഞ്ഞിരുന്നു.