
ന്യൂഡൽഹി: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അതിന്റെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) വഴി വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വിക്ഷേപണത്തിന് സഹായിക്കാറുണ്ട്. ഇതിലൂടെ രാജ്യത്തിന് വലിയൊരു തുക വിദേശനാണ്യം നേടുന്നതിനും സാധിക്കുന്നു. ബഹിരാകാശ വകുപ്പിന്റെയും ആണവോർജ വകുപ്പിന്റെയും സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ഐ എസ് ആർ ഒ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് രാജ്യത്തിന് സമ്പാദിച്ചത് നൽകിയത് എത്രയാണെന്ന് വെളിപ്പെടുത്തി. 2019-21ൽ കാലയളവിൽ ഏകദേശം 35 മില്യൺ ഡോളറും 10 മില്യൺ യൂറോയും വിദേശനാണ്യ വരുമാനം നേടിത്തരാൻ ഇന്ത്യയുടെ അഭിമാനമായ ഐ എസ് ആർ ഒയ്ക്ക് കഴിഞ്ഞു.
2021 - 2023 കാലയളവിൽ പിഎസ്എൽവി ഉപയോഗിച്ച് വിദേശ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിനായി നാല് രാജ്യങ്ങളിൽ നിന്നും ആറ് വിക്ഷേപണ സേവന കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 34 രാജ്യങ്ങൾക്കായി 342 ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഇതിൽ അക്കാഡമിക് ആവശ്യത്തിനുള്ള ഉപഗ്രഹങ്ങൾക്ക് പുറമേ ഭൗമ നിരീക്ഷണത്തിനും ശാസ്ത്ര സാങ്കേതിക ആവശ്യങ്ങൾക്കും വേണ്ടിയുള്ള ഉപഗ്രഹങ്ങളും ഉൾപ്പെടുന്നുവെന്ന് സിംഗ് പറഞ്ഞു.