
കപൂർത്തല: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിന് പിറകേ സമാനരീതിയിലുള്ള സംഭവം കപൂർത്തല ഗുരുദ്വാരയിലും. നിജാംപൂർ ഗ്രാമത്തിലാണ് സംഭവം. സിക്ക് വിശ്വാസികളുടെ പതാകയായ നിഷാൻ സാഹിബിനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വെളുപ്പിന് നാല് മണിക്ക് യുവാവ് നിഷാൻ സാഹിബിനെ അപമാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് കാണിച്ച് കപുർത്തല ഗുരുദ്വാരയിലെ രക്ഷാധികാരി അമർജിത്ത് സിംഗ് ഒരു ഫേസ്ബുക്ക് ലൈവ് ഇട്ടിരുന്നു. ഇതിനെ തുടർന്നാണ് യുവാവിനെ നാട്ടുകാർ പിടികൂടുന്നത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പ്രതിയെ കൊണ്ടുപോകാൻ പൊലീസ് എത്തിയെങ്കിലും യുവാവിനെ തങ്ങളുടെ മുന്നിൽ വച്ച് ചോദ്യം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് അംഗീകരിക്കാത്തതാണ് സംഘർഷത്തിന് കാരണം. യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും വിട്ടുകൊടുക്കാൻ നാട്ടുകാർ തയ്യാറായിരുന്നില്ല. തുടർന്ന് നാട്ടുകാരും പൊലീസും തമ്മിലുണ്ടായ ഉന്തിലും തള്ളിലും അകപ്പെട്ടാണ് യുവാവ് മരണമടഞ്ഞത്.
നേരത്തെ പഞ്ചാബിലെ തന്നെ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. സുരക്ഷാ വേലികൾ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളിൽ തൊട്ടതാണ് അക്രമത്തിന് കാരണം. സിക്ക് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.
വൈകിട്ട് പ്രാർത്ഥനാസമയത്ത് സുരക്ഷാവേലി ചാടിയാണ് ഇയാൾ അതിസുരക്ഷാ മേഖലയിലേക്ക് കടന്നത്. 20 - 25 വയസ് തോന്നിക്കുന്ന യുവാവാണ് സുരക്ഷാവേലി ചാടിക്കടന്നത്. ഇത് കണ്ടതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവർ യുവാവിനെ കൂട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു