
തിരുവനന്തപുരം: കെഎസ്ആർടിസി തിങ്കളാഴ്ച മുതൽ ശമ്പള വിതരണം ആരംഭിക്കുമെന്ന് സിഎംഡി. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലെ ജീവനക്കാരുടെ ഡ്യൂട്ടി ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നും സിഎംഡി അറിയിച്ചു.
കൊവിഡിന് ശേഷമുള്ള റെക്കോർഡ് വരുമാനമായ 5.79 കോടി രൂപയാണ് കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. വെള്ളിയാഴ്ചയും നല്ല വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഡ്യൂട്ടി ബഹിഷ്കരണം മൂലം അത് 4.83 കോടിയായി കുറഞ്ഞുവെന്നും സിഎംഡി വ്യക്തമാക്കി.
ക്രിസ്തുമസ് അവധി ഉൾപ്പെടെ പരിഗണിച്ച് യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും സിഎംഡി അഭ്യർത്ഥിച്ചു. ഇത്തരം ബഹിഷ്കരണം കാരണം സർവീസ് മുടങ്ങുന്നത് കെഎസ്ആർടിസി ജനങ്ങളിൽ നിന്ന് അകലാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്ന ഉറപ്പിൽ ഡ്യൂട്ടി ബഹിഷ്കരണം ഒഴിവാക്കണമെന്നും സിഎംഡി പറഞ്ഞു .