arif-khan

കാസർകോട്: കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ല നിലവിൽ സംസ്ഥാനത്ത് നടക്കുന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങളിൽ ദുഃഖവും നാണക്കേടും തോന്നുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരണം തേടിയ മാദ്ധ്യമപ്രവർത്തകരോട് കാസർകോട് വച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ വികസനത്തെ കുറിച്ച് സംസാരിച്ചതുകൊണ്ട് കാര്യമില്ല. രാഷ്ട്രീയ കാരണങ്ങൾ ആരുടേയും മരണത്തിന് കാരണമാകരുതെന്നും ആരും നിയമം കയ്യിലെടുക്കരുതെന്നും ഗവർണർ ആവശ്യപ്പെട്ടു.

കേരളത്തെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ ഉണ്ടായത്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്നുപേർ പിടിയിലായി. എസ് ഡി പി ഐ പ്രവർത്തകരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു. അക്രമിസംഘം എസ് ഡി പി ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസിലാണ് സ്ഥലത്തെത്തിയതെന്നും സൂചനയുണ്ട്. ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എട്ട് പേർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്. രണ്ട് കേസിലുമായി അമ്പതോളം പേർ കസ്റ്റഡിയിലായതായി ഐ ജി ഹർഷിതാ അട്ട്ലൂരി പറഞ്ഞു.