bindu-ammini

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായി ബിന്ദു അമ്മിണി പ്രതികരിച്ചു. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു. മണ്ഡലകാലത്ത് തനിക്കെതിരെയുള്ള ആക്രമങ്ങൾ വർദ്ധിക്കുന്നുവെന്നും അവർ പറഞ്ഞു. കൊയിലാണ്ടി പൊയിൽകാവിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ച് പരിക്കേൽപിച്ചത്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇടിച്ച ഓട്ടോ നിർത്താതെ പോവുകയായിരുന്നു.

അതേസമയം ആശുപത്രി കിടക്കയിൽ നിന്നും ഫേസ്ബുക്കിലൂടെ തനിക്കു നേരെ നടന്ന ആക്രമണത്തെ കുറിച്ച് ബിന്ദു പ്രതികരിച്ചു. മരിച്ചെന്നു കരുതി ഓടിമറഞ്ഞവർക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും, തളരില്ല എന്നാണ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.