ashes

അഡലെയ്ഡ്: ആഷസ് പരമ്പരയിലെ അഡലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ ലീഡ്. നാലാം ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എടുത്ത ഓസ്ട്രേലിയ ഇംഗ്ളണ്ടിന് 468 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നൽകിയിട്ടുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ഇതിനോടകം മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. മൂന്നാം സെക്ഷനിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തിട്ടുണ്ട്. ചായയ്ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്.

18 റൺസുമായി ക്യാപ്ടൻ ജോ റൂട്ടും രണ്ട് റൺസുമായി ബെൻ സ്റ്റോക്ക്സുമാണ് ക്രീസിൽ. രണ്ടാം ടെസ്റ്റിൽ പരാജയം ഒഴിവാക്കാൻ ഇംഗ്ളണ്ടിന് അവസാന ദിവസമായ നാളെ കിണഞ്ഞു ശ്രമിക്കേണ്ടി വരും.

നേരത്തെ അർദ്ധ സെഞ്ച്വറികൾ നേടിയ ട്രാവിഡ് ഹെഡിന്റെയും മാർനസ് ലബുഷെയ്‌നിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ 230 റൺസ് എടുത്തത്. വാലറ്റത്ത് 33 റൺസ് എടുത്ത കാമറൂൺ ഗ്രീനിന്റെ പ്രകടനവും ഓസ്‌ട്രേലിയക്ക് തുണയായി. ഇംഗ്ലണ്ടിന് വേണ്ടി റോബിൻസൺ, ജോ റൂട്ട്, ഡേവിഡ് മലൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.