
ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാകളക്‌ടർ തിങ്കളാഴ്‌ച സര്‍വകക്ഷി യോഗം വിളിച്ചു. വൈകിട്ട് മൂന്നിന് മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം. മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും. നിലവില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു.
രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം വിലാപ യാത്രയായി വെള്ളക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോകും. രാത്രി ഒമ്പതു മണിയ്ക്ക് കുടുംബവീടായ വലിയ അഴീക്കലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.