
തൃശൂർ: പശ്ചിമബംഗാൾ സ്വദേശിയായ ഭർത്താവിനെ ഭാര്യ അടിച്ചുകൊന്നു. തൃശൂർ പേരിഞ്ചേരിയിലാണ് സംഭവം. പശ്‌ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കാണ് ഭാര്യ രേഷ്‌മാ ബീവി മൂലം കൊല്ലപ്പെട്ടത്. മൻസൂറിനെ കാണാനില്ലെന്ന് കാട്ടി രേഷ്‌മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി ഭാര്യ തന്നെയാണെന്ന് തെളിഞ്ഞത്.
ഒരാഴ്‌ച മുൻപാണ് താൻ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് രേഷ്‌മ പൊലീസിനോട് കുറ്റം സമ്മതിച്ചു. ദിവസവും മദ്യപിച്ചുവന്ന് മൻസൂർ തന്നെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് രേഷ്‌മ പൊലീസിനെ അറിയിച്ചു. ഒരാഴ്‌ച മുൻപ് മൻസൂറിനെ അടിച്ചുകൊന്ന ശേഷം വീടിന് പിന്നിൽ കുഴിച്ചിട്ടു. കൊലപാതകത്തിന് രേഷ്‌മയെ സഹായിച്ചയാളെയും പൊലീസ് പിടികൂടി. മൃതദേഹം തിങ്കളാഴ്‌ച പുറത്തെടുത്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.