jp-nadda

ന്യൂഡൽഹി : ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ കേരളസർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടിയേക്കും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ.

പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. പൊലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നാണ് വിവരം. കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്നും കേന്ദ്രം പരിശോധിക്കും.

പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ കുറ്റപ്പെടുത്തി. ക്രൂരത കൊണ്ട് ഭയപ്പെടുത്താനാവില്ലെന്ന നദ്ദയുടെ പ്രതികരണം വിഷയം ദേശീയതലത്തിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിന്‍റെ കൂടി സൂചനയായാണ് കണക്കാക്കപ്പെടുന്നത്