
പാലക്കാട്: കേരളനാട്ടിലെ ഉത്സവപ്രേമികൾക്കും ആനപ്രേമികൾക്കും പ്രിയങ്കരനായ ഗജകാരണവർ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. 65 വയസായിരുന്നു. മംഗലാംകുന്ന് അങ്ങാടി വീട്ടിൽ പരമേശ്വരൻ, സഹോദരൻ ഹരിദാസ് എന്നിവരുടെ ഉടമസ്ഥതയിലുളള ആനയാണിത്. ഞായറാഴ്‌ച വൈകിട്ട് 4.30ഓടെയാണ് രാമചന്ദ്രൻ വിടവാങ്ങിയത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പ്രത്യേകിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷേത്രോത്സവങ്ങളിലെ ആനയെഴുന്നളളിപ്പുകളിൽ സജീവ പങ്കാളിയായിരുന്നു രാമചന്ദ്രൻ.
രാമചന്ദ്രനും വിടവാങ്ങിയതോടെ ഈ വർഷം മംഗലാംകുന്ന് ആനത്തറവാട്ടിൽ നാല് പേരുകേട്ട കൊമ്പന്മാരാണ് ചരിഞ്ഞത്. ജനുവരി മാസത്തിൽ ആനപ്രേമികളുടെ പ്രിയങ്കരനായ തലപ്പൊക്കത്തിൽ മുൻപന്തിയിലുണ്ടായിരുന്ന മംഗലാംകുന്ന കർണൻ വിടവാങ്ങി. നവംബർ മാസത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ മംഗലാംകുന്ന് രാജൻ, ഗജേന്ദ്രൻ എന്നീ ആനകളും ചരിഞ്ഞു. ഒരിക്കൽ 18ഓളം ആനകളുണ്ടായിരുന്ന മംഗലാംകുന്നിൽ ഇതോടെ ആനകളുടെ എണ്ണം അഞ്ചായി ചുരുങ്ങി.
മാമാങ്കം, ആനച്ചന്തം എന്നീ സിനിമകളിൽ മംഗലാംകുന്നിലെ മറ്രാനകൾക്കൊപ്പം രാമചന്ദ്രനും അഭിനയിച്ചിട്ടുണ്ട്. മദപ്പാടിൽ തളച്ചിരുന്ന ആനയ്‌ക്ക് വ്യാഴാഴ്‌ച ക്ഷീണമുണ്ടാകുകയും ഒരുവശം തളർന്ന് കിടപ്പിലാകുകയുമായിരുന്നു. തിങ്കളാഴ്‌ച വാളയാർ വനത്തിൽ രാമചന്ദ്രന്റെ സംസ്‌കാരം നടത്തും.