
ചെന്നൈ: ഒളിവിലായിരുന്ന കർണാടകയിലെ വനിതാ മാവോയിസ്റ്റ് പ്രഭ എന്ന സന്ധ്യ തമിഴ്നാട് പൊലീസിൽ കീഴടങ്ങി. ഇന്നലെ ഉച്ചയോടെ തിരുപ്പത്തൂർ ജില്ല പൊലീസ് സൂപ്രണ്ടിന് മുന്നിലാണ് അവർ ഹാജരായത്. കർണാടക ശിവമൊഗ്ഗ സ്വദേശിനിയായ ഇവർ 2006 മുതൽ ഒളിവിലായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ഇവരുടെ പേരിൽ 44 കേസുകളുണ്ടെന്ന് വെല്ലൂർ മേഖല ഡി.ഐ.ജി എ.ജി. ബാബു അറിയിച്ചു. പ്രഭയെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള അഗതി കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്നാട് സർക്കാരിന്റ മാവോയിസ്റ്റ് പുനരധിവാസ പദ്ധതിപ്രകാരം സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായി പ്രഭ നേരത്തെ എസ്.പി ഡോ. ബാലകൃഷ്ണനെ അറിയിച്ചിരുന്നു. പുനരധിവാസ നിധിയായി ഒന്നര ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ സംസ്ഥാന സർക്കാർ അനുവദിക്കും. കൂടാതെ മൂന്നു വർഷത്തേക്ക് പ്രതിമാസം 4000 രൂപയും നൽകും.