
ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ യു.പിയിൽ രാഷ്‌ട്രീയ നേതാക്കൾ തമ്മിൽ ഗൗരവമുളള ആരോപണ പ്രത്യാരോപണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. യു.പി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് ഇന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഉന്നയിക്കുന്നത്. തന്റെയും പാർട്ടി അംഗങ്ങളുടെ ഫോൺകോളുകൾ ചോർത്തുന്നതായും അവ മുഖ്യമന്ത്രി നേരിട്ട് വൈകുന്നേരങ്ങളിൽ കേൾക്കുന്നതായുമാണ് അഖിലേഷ് ആരോപിക്കുന്നത്.
'ഞങ്ങളുടെ എല്ലാ ഫോണുകളും ടാപ്പ് ചെയ്യുന്നു. ഞങ്ങളുടെ സംഭാഷണങ്ങൾ റെക്കാഡ് ചെയ്യപ്പെടുന്നു. പാർട്ടി ഓഫീസിലെ ഫോണുകളും ഇത്തരത്തിൽ ചോർത്തുന്നുണ്ട്. ചില സംഭാഷണങ്ങൾ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് കേൾക്കുന്നു. നിങ്ങൾ ഞങ്ങളെ ബന്ധപ്പെട്ടാൽ സംസാരിക്കുന്നത് അവർ കേൾക്കുന്നു.' അഖിലേഷ് പറഞ്ഞു.
ഇലക്ഷന് മുൻപായി എസ്.പി നേതാക്കൾക്കെതിരെ വിവിധ ഏജൻസികളെ ദുരുപയോഗം ചെയ്‌ത് ബിജെപി സർക്കാർ നടപടികളെടുക്കുമെന്നും അഖിലേഷ് ആരോപിച്ചു. എസ്.പി നേതാക്കളുടെ ഓഫീസിലും വീട്ടിലും ആദായനികുതി റെയ്ഡ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
എന്നാൽ അഖിലേഷ് അധികാരത്തിലിരുന്നപ്പോൾ ഇത്തരത്തിൽ എന്തെങ്കിലും പ്രവർത്തികൾ ചെയ്‌തിട്ടുണ്ടാകാമെന്ന് ആരോപണത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. റെയ്‌ഡുകൾ കോൺഗ്രസ് ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.