
ആലപ്പുഴ: ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത. അൻപതിലധികം പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇരു കൊലയാളി സംഘങ്ങളും ഒളിസങ്കേതത്തിലേക്ക് മാറിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാൻ, ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഏഴരയ്ക്ക് മണ്ണഞ്ചേരി സ്‌കൂൾ കവലയ്‌ക്ക് കിഴക്ക് കുപ്പേഴം ജംഗ്‌ഷന് സമീപം റോഡിൽ വച്ചുണ്ടായ ആക്രമണത്തിലാണ് ഷാൻ കൊല്ലപ്പെട്ടത്. പിന്നാലെ, ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ വെള്ളക്കിണർ കുന്നുംപറമ്പ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്
രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി രാവിലെ ഒൻപതരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലപ്പുഴയിൽ പൊതുദർശനത്തിന് വച്ചശേഷം ആറാട്ടുപുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാകളക്‌ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം. മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.