k-n-balagopal-

കൊല്ലം: കെഎസ്ആർടിസി നഷ്ടത്തിൽ ആയതിന് ജീവനക്കാർക്കും പങ്കുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ശമ്പള വിതരണം മുടങ്ങുന്നതിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതികൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയും കുടുംബശ്രീ മിഷനും ചേർന്നു ആരംഭിക്കുന്ന 'ഫുഡ്സ് ഓൺ വീൽ' പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഗാരേജ് വളപ്പിൽ ആരംഭിച്ച 'പിങ്ക് കഫേ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനത്തിന് മന്ത്രി എത്തുന്ന വേദിക്ക് സമീപം കെഎസ്ആർടിസി ജീവനക്കാർ ഭിക്ഷയാചിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ ഡിസംബറിൽ സർക്കാർ കെഎസ്ആർടിസിക്ക് 30 കോടി രൂപ നൽകിയതായും സർക്കാരിന് പരിമിതികൾ ഉണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസിയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജീവനക്കാരെ പട്ടിണിക്കിട്ടു കെഎസ്ആർടിസി വസ്തുവകകൾ തീറെഴുതുന്നതിനും ശമ്പള വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ചാണു സമരമെന്നു ജീവനക്കാർ പറഞ്ഞു. കെഎസ്ടിഎസ് (ബിഎംഎസ്) കൊല്ലം വെസ്റ്റ് ജില്ല കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്. രഞ്ജിത്ത് കൊല്ലം, മേരി കൊല്ലം, ബിജു നെടിയവിള, പ്രമോദ് കുമാർ, ഹരികുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

പ്രവർത്തനരഹിതമായ കെഎസ്ആർടിസി ബസിലാണു പിങ്ക് കഫേയുടെ രൂപകൽപന ചെയ്തിരിക്കുന്നത്. നീരാവിൽ വാർഡിലെ കുടുംബശ്രീ സംരംഭ ഗ്രൂപ്പായ കായൽക്കൂട്ടാണ് ഭക്ഷണശാല നടത്തിപ്പുകാർ. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനായി ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങളാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൊല്ലത്തിന്റെ തനതു രുചികളായ മത്സ്യ വിഭവങ്ങളും ലഭ്യമാക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.